കോട്ടയം: മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച യുവാവ് ഇടിച്ചു തകർത്തത് എട്ട് വാഹനങ്ങള്‍. ഇന്നലെ വൈകീട്ട് 5.30ന് കോട്ടയം ചുങ്കം- മെഡിക്കൽ കോളജ് ബൈപാസ് റോഡിലൂടെയായിരുന്നു ജനത്തെ ഭീതിയിലാഴ്ത്തിയ യുവാവിൻ്റെ മരണപ്പാച്ചിൽ. പള്ളിക്കത്തോട് കടുമ്പശേരിയിൽ ജൂബിൻ ലാലു ജേക്കബാണ് ഈ സാഹസിക കൃത്യത്തിന് മുതിർന്നത്.
ഏകദേശം 5 കിലോമീറ്ററോളം കാറോടിച്ച ജൂബിൻ 8 വാഹനങ്ങൾ ഇടിച്ചുതകർത്തു. ഒടുവിൽ മരത്തിലിടിച്ചാണ് കാർ നിന്നത്. യുവാവ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ട് സിഎംഎസ് കോളജിന് സമീപത്തു നിന്ന് തുടങ്ങിയ മരണപ്പാച്ചിൽ കുടമാളൂർ കോട്ടക്കുന്ന് വരെ നീണ്ടു.
യുവാവ് മറ്റു വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നാട്ടുകാരും മറ്റു യാത്രക്കാരും പിന്തുടർന്നെങ്കിലും കാർ നിർത്തിയില്ല. കുടമാളൂരിന് സമീപം റോഡരികിലെ മരത്തിലിടിച്ചാണ് കാർ നിന്നത്.
വാഹനത്തിൽ നിന്ന് പൊലീസ് മദ്യക്കുപ്പി കണ്ടെടുത്തു. ലഹരിയിലായിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇയാളെ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
അപകടത്തിൽപ്പെട്ടവരിൽ ഇരുചക്ര വാഹനങ്ങളുമുണ്ട്. ആർക്കും കാര്യമായ പരുക്കില്ല. യുവാവ് കുടമാളൂരിൽ വാടകയ്ക്കു താമസിക്കുകയാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തിയതിന് ജൂബിനെ കഴിഞ്ഞ വർഷം മെയിൽ സംഘടനയിൽനിന്ന് പുറത്താക്കിയിരുന്നെന്ന് കെഎസ്‌എം സംസ്ഥാന ജില്ലാ പ്രസിഡൻ്റ് കെ.എൻ നൈസാം അറിയിച്ചു.