പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയിൽ നാടിനെ വിറപ്പിച്ച ഒറ്റയാൻ പി ടി 5-നെ മയക്കുവെടി വച്ച് പിടികൂടാൻ വനം വകുപ്പ് ഒരുക്കം പൂർത്തിയാക്കി. വെറ്ററിനറി ചീഫ് സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 15 അംഗ വിദഗ്ധ സംഘവും, കുങ്കിയാനകളായ ഭരതനും വിക്രമനും സ്ഥലത്തെത്തിയിട്ടുണ്ട്. ഏതു നിമിഷവും മയക്കുവെടി വയ്ക്കാൻ സംഘം തയാറാണ്.
പി ടി 5-ൻ്റെ ആരോഗ്യനില ആശങ്കാജനകമാണെന്ന് വനം വകുപ്പ് അറിയിച്ചു. ആനയുടെ ഇരുകണ്ണുകൾക്കും കാഴ്ചക്കുറവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലും നെറ്റിയിലും കാലുകളിലും മുറിവുകളുണ്ട്. കാഴ്ചക്കുറവുമൂലം പലയിടത്തും തട്ടിയാണ് മുറിവുണ്ടായതെന്നാണ് വനം വകുപ്പിൻ്റെ നിഗമനം. കണ്ണിൽ നിന്ന് നീരൊഴുക്കുമുണ്ട്.
ഈ അവസ്ഥയിൽ ആനയെ ഉൾക്കാട്ടിലേക്ക് വിടുന്നത് പ്രായോഗികമായിരിക്കില്ല. മറ്റ് ആനകൾ ഇവനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും ഇത് ആനയുടെ ജീവൻ അപകടത്തിലാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ആനയുടെ ആരോഗ്യനിലയും സ്വഭാവവും വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികളിൽ തീരുമാനമെടുക്കുക.
മയക്കുവെടി വച്ച് പിടികൂടിയ ശേഷം ആനയെ ഉൾക്കാട്ടിലേക്ക് കയറ്റി വിടണോ അതോ വനം വകുപ്പിൻ്റെ ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോകണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആനയെ കൊണ്ടുപോകാനുള്ള വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമ്പോൾ മാത്രമാണ് വനം വകുപ്പ് മയക്കുവെടി വയ്ക്കാൻ തീരുമാനമെടുക്കുന്നത്.