ബെംഗളൂരു: ബന്ദിപ്പൂർ ദേശീയോദ്യാനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിയ്ക്ക് പരിക്ക്. നിരോധിത മേഖലയിൽ കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെടുകയായിരുന്നു ഇയാൾ. സംഭവത്തിൻ്റെ ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ചാമരാജനഗർ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലെ ബന്ദിപ്പൂരിന് സമീപം ഞായറാഴ്‌ച (ഓഗസ്‌റ്റ്10) വൈകുന്നേരത്തോടെയാണ് സംഭവം. വന മേഖലയായ ഈ പ്രദേശത്ത് കാട്ടാനയുടെയും കടുവകളുടെയും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഊട്ടിയിൽ നിന്ന് ഗുണ്ടല്‍പേട്ടിലേക്ക് വരുന്ന വഴിയാണ് ഇയാൾ റോഡരികിൽ കാട്ടാനയെ കാണുകയും തുടർന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്‌തത്. വാഹനങ്ങൾ ഇവിടെ നിർത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിച്ചാണ് ആനയുയെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളിൽ ആന കോപാകുലനായി ഇയാളെ ഓടിച്ചിട്ട് വീഴ്‌ത്തുന്നതും ചവിട്ടി ആക്രമിക്കുന്നതും കാണാം. കഷ്‌ടിച്ച് രക്ഷപെട്ട ഇയാൾ റോഡിൽ തന്നെ ബോധരഹിതനായി. പിന്നീട് ബന്ധുക്കൾ ഒരു വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി വിവരം ലഭിച്ചു. ആക്രമണത്തിനിരയായ ആൾ മലയാളിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. "ഈ വ്യക്തിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല, ഞങ്ങൾ ആശുപത്രികളിൽ അന്വേഷിച്ചു, അയാൾക്ക് പ്രാദേശിക ആശുപത്രിയിൽ ചികിത്സ ലഭിച്ചിട്ടില്ലെന്നാണ് വിവരം, ഇയാളെ കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണ്" എന്ന് ബന്ദിപ്പൂർ അസിസ്റ്റൻ്റ് ഫോറസ്റ്റ് ഓഫിസർ നവീൻ കുമാർ പറഞ്ഞു.