ചണ്ഡീഗഢ്: പഞ്ചാബിലെ വെള്ളപ്പൊക്കത്തിൽ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ച് ഇന്ത്യൻ സൈന്യം. സിആർപിഎഫ് ഉദ്യോഗസ്ഥരും നിരവധി സാധാരണക്കാരുമാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയത്. ബുധനാഴ്‌ച രാവിലെ ഇവരെ ഹെലികോപ്റ്ററില്‍ പുറത്തെത്തിച്ചു. ഇതിനു തൊട്ടുപിന്നാലെ ഹെലികോപ്റ്റർ ഇറങ്ങിയ കെട്ടിടം തകർന്നുവീണു.
പഞ്ചാബിലുടനീളം തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പല പ്രദേശങ്ങളും ഇതിനോടകം വെള്ളക്കെട്ടിലായി. ബുധനാഴ്‌ച പത്താൻകോട്ടിനടുത്തുള്ള മേധാപൂർ ഹെഡ്‌വർക്‌സിലെ വെള്ളപ്പൊക്കത്തിലാണ് ഹെലികോപ്‌റ്ററിൽ രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ത്യൻ സൈന്യത്തിൻ്റെ ആർമി ഏവിയേഷൻ വിഭാഗം ഉയർന്ന അപകടസാധ്യത അവഗണിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഹെലികോപ്റ്റർ കെട്ടിടത്തിൻ്റെ ടെറസിൽ ഇറക്കി കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയായിരുന്നു. കെട്ടിടം തകരാനുള്ള സാധ്യത അവഗണിച്ചാണ് സൈന്യം ധീരമായ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. "പ്രതികൂല കാലാവസ്ഥയും വർധിച്ചുവരുന്ന വെള്ളവും തരണം ചെയ്‌ത് സൈന്യം ഇന്ന് പുലർച്ചെ രക്ഷാപ്രവർത്തനം ആരംഭിച്ചു, ടീമിൻ്റെ വേഗതയും ധൈര്യവും കൊണ്ട് ദുരന്തം ഒഴിവാക്കാൻ സാധിച്ചു. എല്ലാവരേയും രക്ഷിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി" സൈന്യം പിന്നീട് പ്രതികരിച്ചു.
സൈന്യം പങ്കിട്ട വീഡിയോകളിലൊന്നിൽ, ഹെലികോപ്റ്റർ കെട്ടിടത്തിൻ്റെ ടെറസിൽ ഇറങ്ങുന്നത് കാണാം. നിർണായക രക്ഷാപ്രവർത്തനത്തിന് ശേഷം ഹെലികോപ്റ്റർ മുകളിലേക്ക് പറന്നുയരുമ്പോൾ കെട്ടിടം തകര്‍ന്നുവീഴുന്നതും വീഡിയോയില്‍ കാണാം.