കോട്ടയം: മലയാളികള്‍ക്ക് ഓണത്തിന് ഒഴിവാക്കാനാവാത്ത ഒന്നാണ് ഓണസദ്യ. കുടുംബാംഗങ്ങളോടൊപ്പം വാഴയിലയിൽ സദ്യ കഴിക്കുക കേരളീയരുടെ ശീലമാണ്. ഇന്ന് ഹോട്ടലുകൾക്കും, ക്ലബ്ബുകൾക്കും, കോളജുകൾക്കും സ്‌കൂളുകൾക്കും, കല്യാണങ്ങൾക്കും ആവശ്യമായ ഇലകൾ തമിഴ്‌നാട്, കർണാടക സംസ്ഥാനത്തുനിന്നാണ് കേരളത്തിലേക്ക് എത്തിച്ചേരുന്നത്. വലിയ വിപണന സാധ്യതയുള്ള ഭാവി മേഖലയാണ് വാഴയില എന്നതാണ് വാസ്‌തവം. എന്നാൽ നമുക്കാവശ്യമായ ഇലകൾ കേരളത്തിൽ ഉത്പാദിപ്പിക്കുന്നില്ല. വളരെ മുൻപ് തന്നെ തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും തോട്ടങ്ങൾ ബുക്ക് ചെയ്‌താണ് വ്യാപാരികൾ വാഴയിലകൾ ഇവിടെ എത്തിക്കുന്നത്. എന്നാൽ കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വാഴയിലകൾ എത്തിക്കുന്നത് പാലായിലെ ഈറ്റക്ക കുന്നേൽ ഫാംസ് ആണ്. കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിച്ചാൽ ഗുണമേന്മയുള്ള വാഴയിലകൾ ഇവിടെത്തന്നെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വർഷങ്ങളായി ഈ രംഗത്തുള്ള ഈറ്റക്കകുന്നേൽ ഫാമിൻ്റെ പ്രൊപ്പറേറ്റർ പ്രമോദ് പറയുന്നു. ഇപ്പോൾ നാല് രൂപയ്ക്കാണ് ഒരു വാഴയില ഹോൾസെയിൽലിൽ കൊടുക്കുന്നത്. ഓണത്തിരക്കാവുമ്പോഴേക്കും അതിൻ്റെ വില പിന്നെയും കൂടും. ശരിയായി വാഴകൾ വളർത്തിയെടുത്താൽ ഇവിടുത്തെ കർഷകർക്ക് ഒരു അധിക വരുമാന മാർഗമാണ് വാഴ ഇലകൾ.