കോഴിക്കോട്: കക്കാടംപൊയിൽ വാളൻതോടിൽ പ്രവർത്തിക്കുന്ന കൊളോജൻ മറൈൻ പ്രോഡക്‌സിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഫാക്‌ടറിയിലെ വെൽഡിങ് തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടയിൽ പെട്ടെന്ന് തീ പടരുകയായിരുന്നു. വാട്ടർ കൂളിങ് സംവിധാനത്തിനാണ് ആദ്യം തീ പിടിച്ചത്. ഓണം, നബിദിന അവധികൾ ആയതിനാൽ ജീവനക്കാർ കുറവായിരുന്നു. പെട്ടെന്ന് തന്നെ സ്ഥാപനത്തിനകത്ത് തീയും പുകയും ആളിപ്പടർന്നു. സംഭവം കക്കാടംപൊയിൽ എത്തിയ കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനിലെ ഫയർമാൻ നിതിൻ വട്ട്യാലത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന ബന്ധുക്കളെ റോഡരികിൽ സുരക്ഷിതമായി നിർത്തി ഫാക്‌ടറിക്ക് അകത്തേക്ക് അദ്ദേഹം ഓടിയെത്തി. അപ്പോഴാണ് തീപിടിത്തത്തിൻ്റെ കാഠിന്യം നിതിന് മനസിലായത്. തുടർന്ന് ഫാക്‌ടറിയിൽ സ്ഥാപിച്ച ഫയർ സേഫ്റ്റി സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച് ഏറെ നേരത്തെ പരിശ്രമത്തിനുശേഷം തീ നിയന്ത്രണ വിധേയമാക്കി. അപ്പോഴേക്കും വിവരമറിഞ്ഞ് മുക്കം ഫയർ യൂണിറ്റും സ്ഥലത്ത് എത്തിയിരുന്നു. നിതിൻ്റെ അവസരോചിതമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ഫാക്‌ടറി പൂർണമായും കത്തി നശിക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്‌ടം സംഭവിക്കുകയും ചെയ്യുമായിരുന്നു. ഒരു ഫയർ ഉദ്യോഗസ്ഥൻ കാണിക്കേണ്ട ജാഗ്രത പുലർത്തി ഒരു സ്ഥാപനത്തെ അഗ്നി വിഴുങ്ങുന്നതിൽ നിന്നും സുരക്ഷിതമായി രക്ഷിച്ചെടുത്ത നിതിനെ നാട്ടുകാരും അഗ്നിരക്ഷാസേനയും അഭിനന്ദിച്ചു.